വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും വലിയ ഏകീകൃത കമാൻഡുകളിലൊന്നായ യു.എസ് ഇൻഡോ-പസഫിക് കമാൻഡിന്റെ (USINDOPACOM) പേര് മാറ്റി. ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ‘യു.എസ് പസഫിക് കമാൻഡ്’ (USPACOM) എന്ന പഴയ പേരിലേക്കാണ് ഔദ്യോഗികമായി മടങ്ങുന്നത്.

2018-ൽ ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് പേരിനൊപ്പം ‘ഇൻഡോ’ എന്ന് ചേർത്തത്. ഈ മാറ്റം പ്രതീകാത്മകം മാത്രമാണെന്നും കമാൻഡിന്റെ പ്രവർത്തന പരിധിയിൽ മാറ്റമില്ലെന്നും യു.എസ് വ്യക്തമാക്കുന്നു.

എന്നാൽ, പേരിൽ നിന്ന് ‘ഇൻഡോ’ ഒഴിവാക്കിയത് അമേരിക്കയുടെ തന്ത്രപരമായ നയമാറ്റമാണോ എന്ന ആശങ്കകൾ ഉയർത്തുന്നുണ്ട്. കോൺഗ്രസ് എം.പി ശശി തരൂർ ഈ തീരുമാനത്തെ “ക്വാഡിന്റെ (Quad) ശവപ്പെട്ടിയിലെ മറ്റൊരു ആണി കൂടിയോ?” എന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു.പേര് മാറ്റത്തിനൊപ്പം കമാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട തെറ്റായ ഇന്ത്യൻ ഭൂപടം വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.

വെബ്‌സൈറ്റിലെ മാപ്പിൽ പാക് അധിനിവേശ കശ്മീരിനെ (PoK) പാകിസ്താന്റെ ഭാഗമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നയതന്ത്ര താൽപ്പര്യങ്ങളെ ബാധിക്കുന്ന ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. 1947-ൽ സ്ഥാപിതമായ ഈ കമാൻഡ് ഹവായ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *