വാഷിങ്ടൺ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാനുള്ള പ്രഹരശേഷി ഇറാൻ കൈവരിച്ചതായി യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആഗോള സമ്പദ്വ്യവസ്ഥയെയും ഊർജ്ജ വിപണിയെയും തകിടം മറിക്കാൻ ശേഷിയുള്ള ഇറാന്റെ ഈ നീക്കം ഏതൊരു ആണവായുധത്തേക്കാളും അപകടകരമാണെന്ന് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കാമെന്ന് ഇറാൻ പഠിച്ചുകഴിഞ്ഞെന്നും ഇത് അമേരിക്കയുടെ ഏറ്റവും ദുർബലമായ കണ്ണിയായി (Achilles heel) മാറിയെന്നും റിപ്പോർട്ടിലുണ്ട്.
അമേരിക്കയുമായി സമാധാന ഉടമ്പടിക്ക് സാധ്യത കൽപ്പിക്കപ്പെടുമ്പോഴും ഇറാന്റെ സൈനിക കരുത്തും ഡ്രോൺ സാങ്കേതികവിദ്യയും വൻശക്തികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇസ്രയേൽ-ലെബനൻ സംഘർഷങ്ങളും സമാധാന ചർച്ചകളിൽ തടസ്സമായി തുടരുന്നുണ്ട്.
എങ്കിലും പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്ക് പിന്നാലെ, ഈ വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക സമാധാന കരാർ ഒപ്പിടുമെന്നാണ് വിവരം.

