കൊച്ചി: കേരളത്തിലെ കോറോ ഹെൽത്തിന്റെ (CorroHealth) എണ്ണൂറോളം ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം കമ്പനി പുനഃപരിശോധിക്കണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഓഫീസുകൾ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ കർശന നിർദേശം.
നിലവിലുള്ള ജീവനക്കാരെ നിലനിർത്തി ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും, കമ്പനിയുടെ പുതിയ പ്രോജക്ടുകൾ സംസ്ഥാനത്തിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ പ്രവർത്തനം തുടരാൻ ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, എന്നാൽ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ കർശനമായ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ നിലവിലുള്ള ലേബർ നിയമപ്രകാരം വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് 60 ദിവസം മുൻപ് ജീവനക്കാർക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. കൂടാതെ ‘അവസാനം വന്നവർ ആദ്യം പുറത്തേക്ക്’ (Last in, First out) എന്ന സീനിയോറിറ്റി മാനദണ്ഡവും പാലിക്കണം.
എന്നാൽ കോറോ ഹെൽത്തിന്റെ കാര്യത്തിൽ ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളിൽ തന്നെ നിലനിർത്താനും ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫിസുകളിലേക്ക് മാറ്റാനും കമ്പനി തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

