കാളികാവ്: “അമ്മാവൻ വീണിട്ടാണെങ്കിലും വേണ്ടില്ല, അമ്മായി ഒന്നു കരഞ്ഞ് കണ്ടാൽ മതി” എന്ന പഴയ ചൊല്ല് അന്വർത്ഥമാക്കുകയാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ ആരാധകർ. തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾ പുറത്തായതിന്റെ സങ്കടത്തേക്കാൾ, കരുത്തരായ അർജന്റീനയും ലയണൽ മെസ്സിയും കിരീടം നേടരുതെന്ന പ്രാർത്ഥനയിലാണ് എതിരാളികളുടെ ചേരി. ബ്രസീൽ, പോർച്ചുഗൽ ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ, അവരുടെ ആരാധകർ ഇപ്പോൾ അർജന്റീനയുടെ എതിരാളികൾക്ക് പരസ്യ പിന്തുണയുമായി രംഗത്തുണ്ട്.

ലക്ഷ്യം ഒന്ന് മാത്രം—മെസ്സി തോൽക്കണം, അർജന്റീന കപ്പ് അടിക്കരുത്!ബ്രസീൽ ടൂർണമെന്റിൽ നിന്ന് പുറത്തായ നിമിഷം അർജന്റീന ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. ബ്രസീലിയൻ താരം പെനാൽറ്റി പാഴാക്കിയതിനെ പരിഹസിച്ച്, “മെസ്സിയെ പെനാൽറ്റി പഠിപ്പിക്കാൻ നടന്നവർ സ്വന്തം കളിക്കാരെ പഠിപ്പിക്കാൻ മറന്നുപോയി” എന്ന തരത്തിലുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ഇതിന് പകരമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പ് യാത്ര കണ്ണീരോടെ അവസാനിച്ചതുപോലെ മെസ്സിയുടെ യാത്രയും നിരാശയിൽ കലാശിക്കണമെന്ന് പോർച്ചുഗൽ-ബ്രസീൽ ആരാധകർ ഒരുപോലെ ആഗ്രഹിക്കുന്നത്.അതേസമയം, വമ്പന്മാരെ അട്ടിമറിച്ച് മുന്നേറിയ മൊറോക്കോ പോലുള്ള ടീമുകൾക്ക് പിന്നിൽ നിഷ്പക്ഷരായ വലിയൊരു വിഭാഗം ആരാധകർ അണിനിരക്കുന്നുണ്ട്.

എന്നാൽ, തങ്ങളെ തോൽപ്പിക്കാൻ ഇത്രയധികം ടീമുകളുടെ ആരാധകർക്ക് ഒന്നിക്കേണ്ടി വരുന്നത് തന്നെ അർജന്റീനയുടെ കരുത്തിന്റെ തെളിവാണെന്നാണ് മെസ്സി ആരാധകരുടെ മറുപടി. പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായവർക്ക് ക്വാർട്ടറിലെത്തിയ ടീമുകളെ പരിഹസിക്കാൻ എന്ത് അവകാശമാണുള്ളതെന്ന ചോദ്യവുമായി അർജന്റീന ആരാധകരും സൈബർ ഇടങ്ങളിൽ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഫാൻസ് പോര് ഇനിയും മുറുകുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *