ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമഗ്ര വികസനവും ജീവനക്കാരുടെ ക്ഷാമം പരിഹരിക്കലും ലക്ഷ്യമിട്ട് ആരോഗ്യ മന്തിയുടെ നേതൃത്വത്തിൽ നിർണായക തീരുമാനങ്ങൾ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ (DME) മേൽനോട്ടത്തിൽ പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപീകരിക്കും. ഡിഎംഇ എല്ലാ മാസവും, ആരോഗ്യമന്ത്രി ആറുമാസത്തിലൊരിക്കലും പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തും.
മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്നും, പകരം ആളുകൾ ചുമതലയേറ്റതിനുശേഷം മാത്രമേ സ്ഥലം മാറിപ്പോകുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് വിടുതൽ ചെയ്യാവൂ എന്ന ആവശ്യവും മന്ത്രി അംഗീകരിച്ചു. കൂടാതെ, സീനിയർ റസിഡൻസി പോസ്റ്റുകൾ വർദ്ധിപ്പിക്കാനും കെ.എച്ച്.ആർ.ഡബ്ല്യു.എസ് (KHRWS) മുഖേന പേവാർഡ് ആരംഭിക്കാനും നിർദ്ദേശമുണ്ട്.
ആശുപത്രിയിലെ അഴിമതികൾ തടയുന്നതിനും രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ലാബ് പരിശോധനകളും മെഡിക്കൽ കോളേജിനകത്തുതന്നെ ചെയ്യാനുള്ള സൗകര്യം ഉടൻ ഏർപ്പാടാക്കും. പരിശോധനകൾ സ്വകാര്യ ലാബുകളിലേക്ക് എഴുതി നൽകരുതെന്ന് ഡോക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആംബുലൻസുകളെ മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് ഒഴിവാക്കും.
കൂടാതെ, മെഡിക്കൽ കോളേജ് ജീവനക്കാർ പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചു. കഴിഞ്ഞ 10 വർഷത്തെ ആശുപത്രി വികസന സമിതിയുടെ (HDS) പ്രവർത്തനങ്ങൾ ഓഡിറ്റിന് വിധേയമാക്കാനും, പുതിയ സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.കിടക്കകളുടെ എണ്ണം കൂട്ടുക, സിടി സ്കാൻ ഉൾപ്പെടെയുള്ള മെഷീനുകൾ പൂർണ്ണമായി പ്രവർത്തന സജ്ജമാക്കുക, ഡയാലിസിസ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അടിയന്തര നടപടിയുണ്ടാകും.
ഇതിനൊപ്പം, എംപി ഫണ്ടും ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന്റെ (IRE) സിഎസ്ആർ ഫണ്ടും യോജിപ്പിച്ച് അരൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള തീരദേശ മേഖലയ്ക്കായി മൊബൈൽ ക്ലിനിക് സ്ഥാപിക്കുന്ന പദ്ധതിക്കും അംഗീകാരം ലഭിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ഈ മൊബൈൽ ക്ലിനിക്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കുക.
ആലപ്പുഴ മെഡിക്കൽ കോളേജ് വികസനത്തിന് വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി; ശക്തമായ അടിയന്തര നടപടികൾക്ക് നിർദേശംമെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർണായക പ്രഖ്യാപനങ്ങൾ. പകരം ആളുകൾ ചുമതലയേറ്റതിനുശേഷം മാത്രമേ ജീവനക്കാരെ ജോലിയിൽ നിന്ന് വിടുതൽ ചെയ്യാവൂ എന്ന പഴയ ഉത്തരവ് പുനസ്ഥാപിക്കാൻ തീരുമാനമായി.
ആശുപത്രി വികസന സമിതിയുടെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ ഓഡിറ്റിന് വിധേയമാക്കുമെന്നും ക്രമക്കേടുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. പുതിയ വികസന സമിതി രൂപീകരിക്കുന്നതിനൊപ്പം മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡി.എം.ഇയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപീകരിക്കും. ഡി.എം.ഇ എല്ലാ മാസവും, ആരോഗ്യ മന്ത്രി ആറുമാസത്തിലൊരിക്കലും നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തും.
മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻസി പോസ്റ്റുകൾ വർദ്ധിപ്പിക്കാനും കെ.എച്ച്.ആർ.ഡബ്ല്യു.എസ് (KHRWS) മുഖേന പുതിയ പേവാർഡ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ സി.ടി സ്കാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കും. പരിശോധനകൾ പൂർണ്ണമായും മെഡിക്കൽ കോളേജിനകത്തുതന്നെ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും.
ടെസ്റ്റുകൾക്കായി രോഗികളെ സ്വകാര്യ ലാബുകളിലേക്ക് വിടരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് സ്വകാര്യ ആംബുലൻസുകളെ ഒഴിവാക്കും. ചില ജീവനക്കാർ പുറത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത് കർശനമായി നിരോധിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കൽ, ഡയാലിസിസ് സൗകര്യം ഉറപ്പാക്കൽ, മരുന്നുക്ഷാമം പരിഹരിക്കൽ, കിടക്കകളുടെ എണ്ണം കൂട്ടൽ എന്നിവയ്ക്കും അടിയന്തര നടപടിയുണ്ടാകും.
ഇതിനിടെ, തീരദേശ മേഖലയ്ക്കായി വലിയൊരു ആരോഗ്യ പദ്ധതിക്കും അംഗീകാരം ലഭിച്ചു. എം.പി ഫണ്ടും ഐ.ആർ.ഇയുടെ (IRE) സി.എസ്.ആർ ഫണ്ടും യോജിപ്പിച്ച് അരൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള തീരദേശവാസികൾക്കായി മൊബൈൽ ക്ലിനിക് സ്ഥാപിക്കും. എം.പി ഫണ്ടിൽ നിന്ന് മൊബൈൽ ആംബുലൻസും, ഐ.ആർ.ഇ ഫണ്ടിൽ നിന്ന് മരുന്നുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനായി തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരവും വൃത്തിയായും മാലിന്യരഹിതമായും സൂക്ഷിക്കാനും മന്ത്രി നിർദേശം നൽകി. അനധികൃതമായ ഒരു പാർക്കിംഗും മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ അനുവദിക്കില്ലെന്ന് ഉറപ്പുവരുത്താൻ മന്ത്രി നിർദേശം നൽകി.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ ജി സുധാകരൻ, എ ഡി തോമസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

