ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച ‘ജനനായകൻ’ എന്ന ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിൽ വൻ പ്രതികരണം. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തുടനീളം 20 കോടി രൂപയിലധികം ചിത്രം സമാഹരിച്ചു. മൂന്ന് ഭാഷകളിലായി ഇതുവരെ ഏഴ് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ബോക്സ് ഓഫീസ് ട്രാക്കറായ ‘സാക്‌നിൽക്കി’ന്റെ കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ നിന്ന് 7.90 കോടിയും കർണാടകയിൽ നിന്ന് 6.03 കോടിയും കേരളത്തിൽ നിന്ന് 1.91 കോടിയും അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടി. നഗരങ്ങളിൽ 5.99 കോടിയുമായി ബെംഗളൂരുവാണ് മുന്നിൽ. ചെന്നൈ (1.86 കോടി), കോയമ്പത്തൂർ (90 ലക്ഷം) എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സെൻസർ തർക്കങ്ങളെത്തുടർന്ന് മാസങ്ങളോളം വൈകിയ ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *