ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യത്തിൽ നാളെ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതായി സി.ജെ.പി വക്താക്കൾ അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുകയോ അദ്ദേഹം രാജിവെക്കുകയോ ചെയ്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും പ്രതിനിധികൾ പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ സി.ജെ.പിയെ പ്രതിനിധീകരിച്ചു. മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കുക തുടങ്ങിയ മറ്റ് ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിനിധികൾ വ്യക്തമാക്കി. വിദ്യാർഥികളെ കേൾക്കാമെന്ന കേന്ദ്ര ഉറപ്പിന്മേൽ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചതിനെ തുടർന്നാണ് ഈ ചർച്ച നടന്നത്.

