അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള ഗോത്രവർഗ്ഗ റെസിഡൻഷ്യൽ സ്കൂളിൽ ‘പ്രേതബാധ’ പ്രചരിച്ചതിനെത്തുടർന്ന് ഹോസ്റ്റലിലെ 600-ഓളം വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി.

മുംബൈയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള ചിക്കൽദാര താലൂക്കിലെ ഡോമ ഗ്രാമത്തിലുള്ള ഗവൺമെന്റ് ആശ്രമം സ്കൂളിലാണ് സംഭവം. 810 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് അപ്രതീക്ഷിത പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.ജൂലായ് 22-ന് നാല് പെൺകുട്ടികൾ അസ്വാഭാവികമായി പെരുമാറുകയും നിയന്ത്രണമില്ലാതെ കരയുകയും ചിരിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

രാത്രികാലങ്ങളിൽ പാദസരത്തിന്റെ ശബ്ദം കേൾക്കാറുണ്ടെന്ന് ചില കുട്ടികൾ അവകാശപ്പെട്ടതോടെ ഭീതി പടരുകയായിരുന്നു. സ്കൂൾ പരിസരത്തുണ്ടായിരുന്ന ‘മഹുവ’ മരം മുറിച്ചുമാറ്റിയപ്പോൾ അതിലുണ്ടായിരുന്ന ആത്മാക്കൾ കോപിച്ചതാണെന്നും, ഡ്രെയിനേജ് പൈപ്പ് പ്രാദേശിക ദേവന്റെ ക്ഷേത്രത്തിന് സമീപത്തുകൂടി നിർമ്മിച്ചതാണ് ദുരനുഭവങ്ങൾക്ക് കാരണമെന്നുമാണ് പ്രദേശവാസികൾക്കിടയിലെ പ്രചാരണംഎന്നാൽ സംഭവത്തിൽ അമാനുഷികമായി ഒന്നുമില്ലെന്നും ശക്തമായ മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ‘സെലക്ടീവ് ഹിസ്റ്റീരിയ’ എന്ന അവസ്ഥയാണിതെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതി ഭാരവാഹികളും സ്ഥലത്തെത്തി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകി വരുന്നുണ്ട്. അന്ധവിശ്വാസങ്ങളിൽ വീഴരുതെന്നും ശാസ്ത്രീയമായ കാഴ്ചപ്പാട് പുലർത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *