റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടന്നിരിക്കെ, റഷ്യൻ അതിർത്തിക്കുള്ളിലേക്ക് ആയിരക്കണക്കിന് ഡ്രോണുകൾ അയച്ച് സമീപകാലത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണം നടത്തി യുക്രെയ്ൻ. രാത്രിയിലുടനീളം നടന്ന വൻ ആക്രമണത്തിൽ മോസ്കോ മേഖലയിലടക്കം ചുരുങ്ങിയത് ആറ് പേരെങ്കിലും കൊല്ലപ്പെടുകയും വ്യാവസായിക-ഇന്ധന സംഭരണ കേന്ദ്രങ്ങൾക്ക് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.

വ്യോമസേനയും ഇലക്ട്രോണിക് വാർഫെയർ യൂണിറ്റുകളും ചേർന്ന് 800-ലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, മോസ്കോയ്ക്ക് സമീപമുള്ള ഭീമൻ ലോജിസ്റ്റിക്സ് വെയർഹൗസുകളിലും സൈനികാവശ്യങ്ങൾക്കുള്ള ഇന്ധന സംഭരണശാലകളിലും വൻ തീപിടുത്തമുണ്ടായതായി റഷ്യൻ വാർത്താ ഏജൻസിയായ ‘റ്റാസ്’ വ്യക്തമാക്കുന്നു.

അതേസമയം തങ്ങളുടെ വ്യോമപ്രതിരോധ നിരയെ മറികടന്ന് കൈവ് ഉൾപ്പെടെയുള്ള യുക്രേനിയൻ നഗരങ്ങളിലേക്ക് നിരവധി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട് റഷ്യയും ശക്തമായ തിരിച്ചടി നൽകി. റഷ്യയുടെസാമ്പത്തിക-സൈനിക അടിത്തറ തകർക്കാനായി യുക്രെയ്ൻ ഡ്രോൺ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുന്നതോടെ അതിർത്തികളിൽ യുദ്ധം വീണ്ടും കനക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *