ഭർത്താവും നടനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിന്റെ ആഴത്തിലുള്ള ആഘാതത്തിലും മക്കൾക്കായി കരുത്താർജ്ജിച്ച് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് രഹ്ന നവാസ്. ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഹാപ്പി ലൂപ്പ്’ എന്ന ചിത്രത്തിലാണ് രഹ്ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഉള്ളിലെ വിഷമങ്ങൾ മറച്ചുവെച്ച് പെർഫോം ചെയ്യുക വളരെ പ്രയാസകരമായിരുന്നുവെന്നും, എന്നാൽ മക്കൾക്ക് വേണ്ടി അത് പരിശീലിക്കുകയായിരുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. നടി സംയുക്ത വർമ്മ വഴിയാണ് മഞ്ജു വാര്യർ ഈ കഥാപാത്രത്തിലേക്ക് തന്നെ ക്ഷണിച്ചതെന്നും, അഭിനയിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് അറിയിച്ചിട്ടും സംയുക്തയും മഞ്ജുവും സംവിധായകനും ഉൾപ്പെടെയുള്ളവർ നൽകിയ വലിയ പിന്തുണയാണ് കരുത്തായതെന്നും രഹ്ന വ്യക്തമാക്കുന്നു.

“നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു” എന്ന രഹ്നയുടെ കുറിപ്പ് ആരാധകരുടെയും സിനിമാലോകത്തിന്റെയും ഹൃദയം തൊടുകയാണ്. “ഉമ്മിച്ചി ശക്തയായില്ലെങ്കിൽ ഞങ്ങൾ ഇല്ല” എന്ന് കുറിച്ച മകൻ രിഹാന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *