കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണി ജങ്ഷനിലുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ തിങ്കളാഴ്ച രാവിലെ വൻ തീപ്പിടിത്തം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹോട്ടൽ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കി.
ദേശീയപാതയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിയുന്ന പ്രധാന കവലയിലാണ് അപകടമുണ്ടായ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനായി താഴ്ന്നുപറക്കുന്ന അതീവ സുരക്ഷാ മേഖല കൂടിയാണിത്.
തീപ്പിടിത്തത്തെ തുടർന്ന് ഉയർന്ന കറുത്ത പുക പ്രദേശത്ത് വലിയ രീതിയിൽ ഭീതി പരത്തി.തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ ഉടൻ തന്നെ അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി പ്രാദേശികവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

