ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ എഐ2379 (AI2379) വിമാനത്തിന്റെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടർന്ന് ഗ്രൂപ്പിലെ 400-ഓളം പൈലറ്റുമാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ലഹരി പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഘട്ടത്തിൽ പരാജയപ്പെട്ടു.

ഇവർ മയക്കുമരുന്ന് ഉപയോഗിച്ചതാണോ അതോ ഏതെങ്കിലും മരുന്നുകൾ കഴിച്ചതാണോ എന്നറിയാൻ കൂടുതൽ സാമ്പിൾ പരിശോധനകൾ നടക്കുകയാണെന്നും, മുൻകരുതലായി ഇവരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയതായും കമ്പനി വ്യക്തമാക്കി.

ഓഗസ്റ്റ് 4-ന് വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

എയർബസ് എ-320 നിയോ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും പ്രഷർ സെൻസറിലെ തകരാർ മൂലം ഒരേസമയം നമിഷനേരത്തേക്ക് നിലച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്നാണ് ബ്ലാക്ക് ബോക്സിലെ പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക തകരാറാണോ അതോ പൈലറ്റിന്റെ ലഹരി ഉപയോഗമാണോ വിമാനത്തിന്റെ പെട്ടെന്നുള്ള താഴ്ചയ്ക്ക് ഇടയാക്കിയതെന്ന് വ്യക്തമാകാൻ കേന്ദ്ര വ്യോമയാന അന്വേഷണ ഏജൻസിയായ എ.എ.ഐ.ബിയും (AAIB) ഫ്രഞ്ച് അന്വേഷണ ഏജൻസിയായ ബി.ഇ.എയും (BEA) ചേർന്ന് നടത്തുന്ന സമഗ്ര അന്വേഷണ റിപ്പോർട്ട് വരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *