തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിലൂടെയുള്ള പുരപ്പുറ സോളർ പദ്ധതിയിൽ മികച്ച നേട്ടവുമായി കേരളം മുന്നേറുന്നു. സംസ്ഥാനത്ത് പദ്ധതിയിൽ പങ്കാളികളായ വീടുകളുടെ എണ്ണം 3.31 ലക്ഷം പിന്നിട്ടതോടെ, സബ്സിഡിയായി മാത്രം 2140.1 കോടി രൂപ കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിച്ചു.

ഇതോടെ വീടുകളുടെ എണ്ണത്തിലും അനുവദിച്ച സബ്സിഡി തുകയിലും ദക്ഷിണേന്ത്യയിൽ ഒന്നാമതെത്താൻ കേരളത്തിനായി. രാജ്യത്തൊട്ടാകെ 52.18 ലക്ഷം വീടുകളിൽ പദ്ധതി നടപ്പാക്കുകയും 29,328.92 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്യുകയും ചെയ്തപ്പോൾ, ദേശീയതലത്തിൽ നാലാം സ്ഥാനമാണ് കേരളം കൈവരിച്ചത്.

ദക്ഷിണേന്ത്യയിൽ 3.20 ലക്ഷം വീടുകളുമായി (1656.3 കോടി രൂപ സബ്സിഡി) ആന്ധ്രാപ്രദേശ് രണ്ടാമതാണ്. എന്നാൽ തമിഴ്നാട് (1.06 ലക്ഷം വീടുകൾ – 595.97 കോടി), തെലങ്കാന (74,594 വീടുകൾ – 348.72 കോടി), കർണാടക (36,812 വീടുകൾ – 173.22 കോടി) എന്നീ സംസ്ഥാനങ്ങൾ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലാണ്. അയൽ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിൽ 1,229 വീടുകളും (9.98 കോടി) പുതുച്ചേരിയിൽ 5,271 വീടുകളും (33.63 കോടി) പദ്ധതി സ്വന്തമാക്കി. സംസ്ഥാനത്ത് ആകെയുള്ള 2500 മെഗാവാട്ടിലധികം വരുന്ന സോളർ വൈദ്യുത ഉൽപാദനശേഷിയിൽ 2036 മെഗാവാട്ടും പുരപ്പുറ സോളറിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നത് ഒട്ടേറെ കുടുംബങ്ങളുടെ പ്രതിമാസ വൈദ്യുതി ബിൽ പൂജ്യമാക്കാൻ സഹായിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *