ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. ജൂലായ് 20-ന് നടന്ന പാർലമെന്റ് മാർച്ച് അനുമതിയില്ലാത്തതും നിയമവിരുദ്ധവുമായിരുന്നുവെന്ന് കാണിച്ച് ഡൽഹി പോലീസ് ഉന്നത കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.
പാർലമെന്റിലേക്കുള്ള പാർലമെന്റ് മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്നും എന്നാൽ മൂന്ന് കിലോമീറ്റർ പരിധിയിൽ മുപ്പതിനായിരത്തോളം പേർ തടിച്ചുകൂടിയെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഇവരെ പ്രതിരോധിക്കാൻ അയ്യായിരത്തോളം പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയിലേക്ക് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപ്പേർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, അക്രമത്തിലേക്ക് കടന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ മാത്രമാണ് സ്വാഭാവികമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

