ഇറാൻ ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ജീവൻ പണയംവെച്ച് കപ്പലോടിക്കാൻ മുംബൈ ആസ്ഥാനമായുള്ള ആൽഫാർഡ് മാരിടൈം എന്ന കമ്പനി നിർബന്ധിക്കുന്നതായി മലയാളി ക്യാപ്റ്റൻ ഉൾപ്പെടെയുള്ള 16 അംഗ ഇന്ത്യൻ നാവികർ ആരോപിച്ചു. വൈപ്പിൻ നായരമ്പലം സ്വദേശി അനിൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘം മാർഷൽ ഐലൻഡ്സ് ഫ്ലാഗുള്ള ‘എഎം പയ്നീർ’ എന്ന ഓഫ്ഷോർ സപ്ലൈ വെസലിലാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്.
അപകട സാധ്യത ഒഴിയും വരെ ഹോർമുസ് വഴി യാത്രാ നിർബന്ധം ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ജൂലൈയിൽ ഇവർ ചുമതലയേറ്റതെങ്കിലും, നിലവിൽ റാസൽഖൈമയിൽ നങ്കൂരമിട്ടിട്ടുള്ള കപ്പലിനോട് കടലിടുക്ക് വഴി സഞ്ചരിക്കാൻ കമ്പനി സമ്മർദം ചെലുത്തുകയും വിസമ്മതിച്ചപ്പോൾ വാട്സാപ് കോളുകളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ജീവനക്കാർ വെളിപ്പെടുത്തി.
ശമ്പളവും നാട്ടിലേക്കുള്ള ടിക്കറ്റും നൽകി പിരിഞ്ഞുപോകാൻ അനുവദിക്കണമെന്ന് നാവികർ കത്തുനൽകിയെങ്കിലും കമ്പനി അതിന് തയ്യാറായിട്ടില്ല. കപ്പലിൽ ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പരിമിതമായി മാത്രമാണ് ലഭിക്കുന്നതെന്നും ഇവർ പരാതിപ്പെടുന്നു.
സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പ്രശ്നം ഡിജി ഷിപ്പിങ്ങിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ജീവന് സംരക്ഷണം തേടി ഡിജി ഷിപ്പിങ്, ഇന്ത്യൻ എംബസി, മാർഷൽ ഐലൻഡ്സ് അധികൃതർ, ഇന്റർനാഷണൽ ട്രാൻസ്പോർട്ട് ഫെഡറേഷൻ എന്നിവർക്കും നാവികർ പരാതി നൽകിയിട്ടുണ്ട്.

