ബീജിംഗ്: ഇറാനെതിരെ സാമ്പത്തിക ഉപരോധവും കടുത്ത സമ്മർദതന്ത്രങ്ങളും ശക്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനത്തെ തള്ളി ചൈന. ഒരു രാജ്യത്തിന് മേലും ഏകപക്ഷീയമായ ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കുകയേ ഉള്ളൂവെന്നും ഉപരോധവും ഭീഷണിയുമല്ല ശാശ്വത പരിഹാരമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ബാഹ്യസമ്മർദങ്ങൾക്ക് പകരം ഉത്തരവാദിത്തമുള്ള നയതന്ത്ര ചർച്ചകളാണ് ഉണ്ടാകേണ്ടതെന്നും ബീജിംഗിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തുഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ “എക്കണോമിക് ഡി-ഡേ” അഥവാ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇറാനുമായി സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങളും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായി അവസാനിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനുള്ള യു.എസ് നീക്കത്തിൽ ഒപ്പം നിൽക്കണമെന്നും ട്രംപ് ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു.

