വാഷിംഗ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധവും സമ്മർദതന്ത്രങ്ങളും കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക നടപടികൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. യുഎസ് വാർത്താ ചാനലായ സിഎൻബിസിക്ക് (CNBC) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനുമേൽ നിലവിലുള്ള നാവിക ഉപരോധത്തോടൊപ്പം പുതിയ സാമ്പത്തിക ഉപരോധം കൂടി ഏർപ്പെടുത്തുന്നത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്നും നിലവിലെ ഭരണകൂടത്തെ തളർത്താൻ ഇത് ഉപകരിക്കുമെന്നും ബെസെന്റ് കൂട്ടിച്ചേർത്തുഇറാനുമായി വ്യാപാര ബന്ധം പുലർത്തുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുന്ന മൂന്നാം രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രഷറി സെക്രട്ടറിയുടെ സ്ഥിരീകരണം. എണ്ണക്കടത്ത്, പണമിടപാടു സ്ഥാപനങ്ങൾ, വ്യാജ കമ്പനികൾ തുടങ്ങിയ ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും അടച്ചുപൂട്ടുകയാണ് ലക്ഷ്യമെന്ന് ട്രംപ് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

പുതിയ ഉത്തരവിന്റെ വിശദാംശങ്ങൾ തിങ്കളാഴ്ച നടക്കുന്ന പ്രത്യേക വാർത്താസമ്മേളനത്തിൽ ട്രഷറി വകുപ്പ് പുറത്തുവിടുംഅതേസമയം, ഇറാന്റെ എണ്ണ ഉൽപന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളായ ചൈനയെ ഉപരോധ പരിധിയിൽ നേരിട്ട് ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തിന് ബെസെന്റ് വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും പരോക്ഷമായി മുന്നറിയിപ്പ് നൽകി.

പേർഷ്യൻ ഉൾക്കടലിൽ നിന്നാണ് ചൈന തങ്ങളുടെ ഊർജ്ജ ആവശ്യത്തിന്റെ പകുതിയും കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ആഗോള എണ്ണവിപണിയുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ചൈനയും പങ്കാളികളാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.അമേരിക്ക ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഉപരോധ നടപടികൾ ഉണ്ടായാൽ അത് ആഗോള ഊർജ്ജ വിപണിയെയും വ്യാപാര ബന്ധങ്ങളെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം. തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന തീരുമാനങ്ങൾക്ക് ശേഷമായിരിക്കും പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയുടെ അടുത്ത നീക്കങ്ങൾ വ്യക്തമാകുക

Leave a Reply

Your email address will not be published. Required fields are marked *