മുംബൈ: യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം രണ്ട് ചരക്കുകപ്പലുകൾ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തതായി റിപ്പോർട്ട്. ആക്രമണത്തിന് ഇരയായ രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യൻ പൗരന്മാർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഏദൻ ഉൾക്കടലിലും സൊമാലിയൻ തീരത്തുമാണ് വ്യത്യസ്ത സംഭവങ്ങളിലായി ആയുധധാരികളായ കൊള്ളക്കാർ കപ്പലുകൾ പിടിച്ചെടുത്തത്.യെമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് എരിത്രിയൻ പതാക പതിപ്പിച്ച ‘എം.ടി സിബു 1’ (M.T. Sibu 1) എന്ന എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടത്.

കപ്പലിൽ ആകെയുണ്ടായിരുന്ന 20 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. ആറ് കടൽക്കൊള്ളക്കാർ ചേർന്ന് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്അതേസമയം, സൊമാലിയൻ തീരത്ത് നിന്നും ആഗസ്റ്റ് 17-നാണ് രണ്ടാമത്തെ കപ്പലായ ‘എം/വി ലുടുഫ്’ (M/V LUTUF) കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്.

കാമറൂൺ പതാക പതിപ്പിച്ച ഈ കപ്പലിൽ 6 ഇന്ത്യക്കാരുൾപ്പെടെ പത്ത് ജീവനക്കാരാണ് ഉള്ളത്. ‘പോളാർ മൂവ്‌മെന്റ് ഷിപ്പിംഗിന്റെ’ ഉടമസ്ഥതയിലുള്ള കപ്പൽ, മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും ആശയവിനിമയ-ഉപഗ്രഹ ഉപകരണങ്ങളും കൊണ്ടുപോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.

കപ്പൽ നിലവിൽ നൂഗാൽ തീരത്തേക്ക് മാറ്റിയതായാണ് വിവരം. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മോചനത്തിനുമായി ഇന്ത്യൻ അധികൃതർ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് നയതന്ത്രതലത്തിൽ ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *