ജെറുസലേം: കിഴക്കൻ ജെറുസലേമിനും വെസ്റ്റ് ബാങ്കിനും ഇടയിലുള്ള തന്ത്രപ്രധാനമായ E1 മേഖലയിൽ 1,200-ലധികം പുതിയ ഭവന യൂണിറ്റുകൾ നിർമ്മിക്കുന്നതിനായുള്ള ടെൻഡർ ക്ഷണിച്ച് ഇസ്രായേൽ ഭവന മന്ത്രാലയം. ആകെ അനുമതി ലഭിച്ച 3,401 ഭവന യൂണിറ്റുകളിൽ ഒന്നാം ഘട്ടമെന്ന നിലയിലാണ് 1,234 വീടുകളുടെ നിർമാണത്തിനായി കരാറുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കിഴക്കൻ ജെറുസലേമിനെ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളുമായി കൂട്ടിയോജിപ്പിച്ച് കൂറ്റൻ കുടിയേറ്റ ബ്ലോക്ക് സൃഷ്ടിക്കുകയാണ് ഈ തന്ത്രപ്രധാന പദ്ധതിയിലൂടെ ഇസ്രായേൽ ലക്ഷ്യമിടുന്നത്.

എന്നാൽ ഈ നിർമ്മാണ നീക്കം വെസ്റ്റ് ബാങ്കിനെ വടക്കും തെക്കുമായി രണ്ടായി വിഭജിക്കുകയും, കിഴക്കൻ ജെറുസലേമിനെ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായി വേർപെടുത്തുകയും ചെയ്യും. ഭൗമശാസ്ത്രപരമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയം പൂർണ്ണമായും അസാധ്യമാക്കുന്നതാണ് ഇസ്രായേലിന്റെ ഈ പദ്ധതിയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് E1 മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ഇസ്രായേൽ പതിറ്റാണ്ടുകളായി പിൻവാങ്ങി നിൽക്കുകയായിരുന്നു.

ഇസ്രായേലിന്റെ ഏകപക്ഷീയമായ ഈ നീക്കത്തിനെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ തുടങ്ങിയ പ്രമുഖ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം തികച്ചും അംഗീകരിക്കാനാകാത്തതാണെന്നും പദ്ധതി ഉടനടി പിൻവലിക്കണമെന്നും സംയുക്ത പ്രസ്താവനയിലൂടെ ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

രണ്ട് രാഷ്ട്ര പരിഹാരത്തിന് തിരിച്ചടിയാകുന്ന നിർമ്മാണങ്ങൾ നിർത്തിവെക്കണമെന്നും അവർ നിർദ്ദേശിച്ചു.അതേസമയം, വരാനിരിക്കുന്ന ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നെതന്യാഹു ഭരണകൂടത്തിന്റെ തീരുമാനം. അധികാരത്തിൽ വന്നേക്കാവുന്ന പുതിയ സർക്കാരുകൾക്കോ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കോ പിന്നീട് റദ്ദാക്കാൻ കഴിയാത്ത വിധം പദ്ധതി നിയമപരമായി ഉറപ്പിച്ചു നിർത്താനാണ് നിലവിലെ ഇസ്രായേൽ സർക്കാരിന്റെ ശ്രമമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *