ടെഹ്റാൻ: അമേരിക്ക ഇറാനെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധങ്ങളും ഉപരോധ നടപടികളും തുടരുകയാണെങ്കിൽ, ഹോർമൂസ് കടലിടുക്കിലൂടെയോ ഗൾഫിലെ മറ്റേതെങ്കിലും മേഖല വഴിയോ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മേധാവി മോഹ്സെൻ റെസായിയാണ് എക്സിലൂടെ (X) ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇറാനെതിരെ ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക ആക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ തിരിച്ചടി. അമേരിക്കൻ നടപടിയോട് സഹകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന ഏത് രാജ്യത്തിന്റെ നീക്കവും ഇറാനെതിരെയുള്ള നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധത്തിൽ അയവു വരുത്തിയില്ലെങ്കിൽ അന്താരാഷ്ട്ര എണ്ണ ഗതാഗതത്തിന്റെ പ്രധാന പാത തടസ്സപ്പെടുത്തുമെന്ന ഇറാന്റെ പ്രഖ്യാപനം ആഗോള വിപണിയിൽ വൻ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്

