റഷ്യൻ പെട്രോകെമിക്കൽ ഭീമനായ സിബൂറും ചൈനയുടെയുടെ സിനോപെകും ചേർന്നുള്ള 10 ബില്യൺ ഡോളറിന്റെ അമുർ ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ ട്രയൽ റൺ നടപടികൾ തടസ്സപ്പെട്ടതോടെ പദ്ധതിയുടെ പ്രവർത്തനം വൈകാൻ സാധ്യത.
അമുർ ഗ്യാസ് പ്രോസസിങ് പ്ലാന്റിൽ നിന്നുള്ള ഈഥെയ്ൻ, എൽ.പി.ജി എന്നിവ ഉപയോഗിച്ച് വർഷത്തിൽ 2.3 ദശലക്ഷം ടൺ പോളിഎഥിലിനും 400,000 ടൺ പോളിപ്രൊഫൈലിനും നിർമിക്കാനും ആയിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് 325 ഹെക്ടറിലായി ഈ സമുച്ചയം നിർമിച്ചിരിക്കുന്നത്.
എന്നാൽ പ്ലാന്റിലെ പൈറോളിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട മേഖലയിലുണ്ടായ വ്യാവസായിക തകരാറുകളെ തുടർന്ന് പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കേണ്ടി വന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലം താൽക്കാലിക തടസ്സങ്ങൾ നേരിട്ടെങ്കിലും വിദഗ്ദ്ധ സംഘം സുരക്ഷ പരിശോധനകൾ നടത്തി പ്ലാന്റ് വീണ്ടും പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. റഷ്യ-ചൈന വ്യവസായ ബന്ധത്തിലെ നാഴികക്കല്ലായ പദ്ധതി ഉടൻ തന്നെ പൂർണതോതിൽ കമ്മീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ.

