കാൺപുർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ കാൺപുരിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരിശീലന വിമാനം തകർന്നു വീണ് ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു. ഗുജറാത്ത് സ്വദേശിയും സീനിയർ പൈലറ്റുമായ സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശിയായ ട്രെയിനി പൈലറ്റ് അഭിഷേക് പൂജാരി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഗംഗാ ബാരേജിന് സമീപമുള്ള നത്തുപൂർവ ഗ്രാമത്തിലെ വിജനമായ കൃഷിയിടത്തിലേക്കാണ് ഇരട്ട എൻജിനുള്ള നാല് സീറ്റർ വിമാനം തകർന്നു വീണത്. വ്യാഴാഴ്ച രാവിലെ 11.30-ഓടെ ഗാർഗ് ഏവിയേഷന്റെ ട്രെയിനിങ് സെന്ററിൽ നിന്ന് പറന്നുയർന്ന വിമാനം, 20 മിനിറ്റിനുള്ളിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ വിമാനം നിലംപതിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
വിമാനം ഇടിച്ചിറങ്ങിയ ഉടൻ തന്നെ പൈലറ്റ് സച്ചിൻ ഭാട്ടിയ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഭിഷേക് പൂജാരിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വിമാനം പൂർണ്ണമായും ത തകർന്നു തരിപ്പണമായിട്ടുണ്ട്.
സംഭവ സ്ഥലത്ത് പൊലീസും ഉന്നത ഉദ്യോഗസ്ഥരും എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിന് കാരണം സാങ്കേതിക തകരാറാണോ അതോ മറ്റ് എന്തെങ്കിലും പ്രതീകൂല സാഹചര്യമാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഉത്തരവിട്ടിട്ടുണ്ട്.

