മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ, നാല് പതിറ്റാണ്ട് പിന്നിട്ട ആഴമേറിയ സൗഹൃദത്തിന്റെ ഓർമകൾ പങ്കുവെച്ച് പ്രശസ്ത സംവിധായകൻ കെ. മധു. 1982-ൽ ‘പടയോട്ടം’ എന്ന സിനിമയുടെ മലമ്പുഴയിലെ ലൊക്കേഷനിൽ വെച്ച് ആരംഭിച്ച ആ ബന്ധം ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആദ്യ കാഴ്ചയിൽ തന്നെ “സഹസംവിധായകൻ മധു വൈപ്പിൽ അല്ലേ” എന്ന് ചോദിച്ച് മമ്മൂട്ടി ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട നിമിഷമാണ് വലിയൊരു സൗഹൃദത്തിന് തുടക്കമിട്ടത്. അന്നുതൊട്ട് ഇന്നു വരെ ‘ആശാനേ’ എന്നാണ് താൻ മമ്മൂട്ടിയെ അഭിസംബോധന ചെയ്യുന്നതെന്നും, ആ വിളിക്കു പിന്നിലെ സ്നേഹവും ഊഷ്മളതയും ഇന്നും ടെലിഫോൺ സംഭാഷണങ്ങളിൽ പോലും അനുഭവിച്ചറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ നാഴികക്കല്ലായ സിബിഐ സീരീസിലെ ‘സേതുരാമയ്യർ’ എന്ന ഐക്കോണിക് കഥാപാത്രത്തിനായി തുടർച്ചയായി അഞ്ചു ചിത്രങ്ങളിൽ മമ്മൂട്ടി ഒപ്പം നിന്നത് കെ. മധു അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ‘മലരും കിളിയും’ മുതൽ മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രമായ ‘മൗനം സമ്മതം’ വരെ നിരവധി സൂപ്പർഹിറ്റുകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും മമ്മൂട്ടിയും താനും അടങ്ങുന്ന സൗഹൃദകൂട്ടുകെട്ട് എന്നും ഒപ്പമുണ്ടായിരുന്നുവെന്നും ഇനിയും അതു തുടരുമെന്നും പറഞ്ഞ കെ. മധു, തന്റെ പ്രിയപ്പെട്ട ‘ആശാന്’ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്നാണ് കുറിപ്പ് അവസാനിപ്പിച്ചത്

