ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാസേന നടത്തിയ സംയുക്ത രാത്രികാല ദൗത്യത്തിൽ രണ്ട് ഭീകരരെ വധിച്ചു. ബുധനാഴ്ച രാത്രി വൈകി ആരംഭിച്ച ‘ഓപ്പറേഷൻ സോഹൻ’ (Operation Sohan) എന്ന അതിസാഹസിക സൈനിക നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഉധംപുരിലെ ബ്രട്ടാൽ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു കശ്മീർ പോലീസും സി.ആർ.പി.എഫും (CRPF) ചേർന്ന് പ്രദേശം വളഞ്ഞത്.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ദുഷ്കരമായ ഭൂപ്രകൃതിയും മറികടന്നാണ് സുരക്ഷാസേന മേഖലയിൽ തിരച്ചിൽ നടത്തിയത്. പ്രദേശത്ത് സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ മേഖല പൂർണ്ണമായി ഉപരോധിച്ച സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയോടെ വെടിവെപ്പ് രൂക്ഷമാകുകയും സേന നടത്തിയ ശക്തമായ തിരിച്ചടിയിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയുമായിരുന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയിൽ തിരച്ചിൽ ശക്തമായി തുടരുകയാണെന്ന് സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്സ് (White Knight Corps) സ്ഥിരീകരിച്ചു.

