ബീജിങ്/ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബോധരഹിതനായി വീണെന്നും അടിയന്തര വൈദ്യസഹായത്തിനായി അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് തിരികെ കൊണ്ടുപോയെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളി വസ്തുതാപരിശോധകർ. യു.എസിൽ താമസിക്കുന്ന ചൈന ഡെമോക്രസി പാർട്ടി (CDP) ചെയർമാനും വിമത നേതാവുമായ വാൻജുൻ ഷീ എക്സിൽ (X) പങ്കുവെച്ച പോസ്റ്റാണ് വലിയ രീതിയിലുള്ള ആഗോള അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ ഈ പോസ്റ്റിന് എക്സ് തന്നെ വ്യാജവാർത്താ മുന്നറിയിപ്പായ ‘കമ്യൂണിറ്റി നോട്ട്’ നൽകി. അവകാശവാദത്തെ സാധൂകരിക്കുന്ന വിശ്വസനീയമായ തെളിവുകളോ റിപ്പോർട്ടുകളോ ലഭ്യമല്ലെന്ന് കാണിച്ചാണ് നടപടി.ഏഴ് വർഷത്തിന് ശേഷമുള്ള ഷി ജിൻപിങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്. സെപ്റ്റംബർ 12-ന് ഡൽഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും അതിർത്തിയിലെ സമാധാനം, വ്യാപാരം തുടങ്ങിയ വിഷങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ഒരുക്കിയ ഗാല ഡിന്നറിൽ (വിരുന്നിൽ) ഷി ജിൻപിങ് പങ്കെടുത്തിരുന്നില്ല. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത വിരുന്നിൽ വിദേശകാര്യ മന്ത്രി വാങ് യീ ആണ് ചൈനയെ പ്രതിനിധീകരിച്ചത്. ഷിയുടെ അഭാവത്തിൽ ഔദ്യോഗിക വിശദീകരണം വരാതിരുന്നതും, ചർച്ചയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച ഷിയോട് പ്രധാനമന്ത്രി മോദി സുഖവിവരങ്ങൾ ചോദിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *