മലയാളത്തിന്റെ ചോക്ലറ്റ് ബോയ് കുഞ്ചാക്കോ ബോബന്റെ 48-ാം ജന്മദിനമാണിന്ന്. സംവിധായകൻ ഫാസിൽ മലയാള സിനിമയ്ക്ക് സമ്മാനമായി നൽകിയ നടനാണ് കുഞ്ചാക്കോ. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബൻ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി.
ശേഷം സിനിമയിൽ നിന്ന് ഒരു വലിയ ഇടവേളയെടുത്ത കുഞ്ചാക്കോ തന്റെ രണ്ടാം വരവിൽ കളം മാറ്റിചവിട്ടി. തനിക്ക് കിട്ടുന്ന എല്ലാ റോളുകളിലും അയാൾ തന്റേതായ കൈയ്യൊപ്പ് ഇട്ടുതുടങ്ങി. അക്കൂട്ടത്തിലെ ചില ചിത്രങ്ങളാണ് ടേക്ക്ഓഫ്, രാമന്റെ ഏദൻ തോട്ടം, അഞ്ചാംപാതിര, നായാട്ട്, ന്നാ താൻ കേസ് കൊട്,ഇപ്പോഴിതാ അവസാനമായി അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയും.
സിനിമകൾ പോലെ തന്നെ തന്റെ സഹപ്രവർത്തകരുമായി നല്ലരീതിയിൽ സൗഹൃദം പങ്കുവെക്കുന്ന വ്യക്തി കൂടിയാണ് കുഞ്ചാക്കോ ബോബൻ.അക്കൂട്ടത്തിൽ ഒരാളാണ് രമേശ് പിഷാരടിയും. ഇപ്പോഴിതാ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
‘കരിയര്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴും എത്രയോ സൂപ്പര്‍ ഹിറ്റുകളില്‍ നായകനായപ്പോഴും സിനിമാക്കാരന്‍ എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരന്‍.
മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ? ഇന്ന് ചാക്കോച്ചനു പിറന്നാൾ… ‘- എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്.