ഇന്ത്യയുടെ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയോട് ഉപമിച്ച മുൻ പാക് താരം മുഹമ്മദ് യൂസഫിനെതിരെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ പ്രതിഷേധം. വൈഭവിന്റെ ഭയമില്ലാത്ത തകർപ്പൻ ബാറ്റിങ് ശൈലിയെ അഫ്രീദിയുടെ അരങ്ങേറ്റ കാലത്തോട് താരതമ്യം ചെയ്ത് യൂസഫ് എക്സിൽ (ട്വിറ്റർ) കുറിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.
സച്ചിൻ തെണ്ടുൽക്കറോടും ഡോൺ ബ്രാഡ്മാനോടും വരെ ക്രിക്കറ്റ് ലോകം ഉപമിക്കുന്ന വൈഭവിനെ, സ്ഥിരതയില്ലാത്ത ബാറ്റിങ്ങിന്റെ പേരിൽ അറിയപ്പെടുന്ന അഫ്രീദിയുമായി താരതമ്യം ചെയ്തത് താരത്തിന് വലിയ അപമാനമാണെന്നാണ് ഇന്ത്യൻ ആരാധകരുടെ പക്ഷം.
1996-ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്‌സിൽ 37 പന്തിൽ സെഞ്ച്വറി നേടി അഫ്രീദി റെക്കോർഡിട്ടിരുന്നു. പിന്നീട് കോറി ആൻഡേഴ്സനും (36 പന്ത്), എ ബി ഡിവില്ലിയേഴ്സും (31 പന്ത്) ആണ് ഈ റെക്കോർഡ് മറികടന്നത്. ഈ വെടിക്കെട്ട് തുടക്കത്തെ മുൻനിർത്തിയായിരുന്നു യൂസഫിന്റെ പരാമർശമെങ്കിലും ഇന്ത്യൻ ആരാധകർ ഇത് ഒട്ടും അനുകൂലമായി സ്വീകരിച്ചിട്ടില്ല.
