ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കായി പിറന്ന രണ്ട് സെഞ്ച്വറികളിൽ താൻ മികച്ചതായി കരുതുന്നത് സഞ്ജുവിന്റേതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ‘തിലക് വർമ തന്റെ രണ്ടാം സെഞ്ച്വറിയുമായി മത്സരത്തിലേയും പരമ്പരയിലേയും താരമായെങ്കിലും മികച്ച ഇന്നിങ്‌സായി തോന്നിയത് സഞ്ജുവിന്റേതാണെന്നും അതിനർത്ഥം തിലക് വർമയുടെ സെഞ്ച്വറി മോശമാണെന്നല്ല’ എന്നും ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.
കളിയിൽ കുറച്ചുകൂടിനിയന്ത്രണത്തോടെയും ബാറ്റ് കൃത്യമായി മിഡിൽ ചെയ്തും കളിച്ചത് സഞ്ജുവാണെന്ന് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. യുട്യൂബ് ചാനലിലെ ലൈവ് വിഡിയോയിലാണ് ഡിവില്ലിയേഴ്സിന്റെ പ്രതികരണം. ലൈവിൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 വിലയിരുത്തുകയായിരുന്നു എബിഡി. ‘തിലക് വർമ 47 പന്തിൽ 120 റൺസോടെയും സഞ്ജു 56 പന്തിൽ 109 റൺസോടെയും പുറത്താകാതെ നിന്നു.
ഒറ്റ നോട്ടത്തിലും സ്ട്രൈക്ക് റേറ്റിലും മികച്ച പ്രകടനമായി തോന്നുക തിലക് വർമയുടേതാണെങ്കിലും എനിക്ക് മികച്ചതായി തോന്നിയത് സഞ്ജുവിന്റേതായിരുന്നു. എന്റെ വ്യക്തഗത അഭിപ്രായത്തിന്റെ പേരിൽ ദയവായി എന്നെ ക്രൂശിക്കരുത്,’ ഡിവില്ലിയേഴ്സ് പറഞ്ഞു.തിലക് വർമയും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ്.
അടുത്ത 5–10 വർഷത്തേക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകുമെന്ന് എനിക്ക് ഉറപ്പാണ്. മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ കളിക്കുന്ന സമയം മുതൽ എനിക്ക് തിലകിനെ അറിയാമെന്നും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ് ലൈവായി കണ്ടിട്ടുമുണ്ടെന്നും എബിഡി പറഞ്ഞു.
എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അദ്ദേഹം നടത്തിയ പ്രകടനം സഞ്ജുവിനേക്കാൾ മികച്ച ഇന്നിങ്സാണെന്ന് ഞാൻ കരുതുന്നില്ല. കേൾക്കുമ്പോൾ നിങ്ങൾക്ക് തമാശയായി തോന്നാം , ഇന്നിങ്സിൽ തിലക് പല പന്തുകളും കൃത്യമായി മിഡിൽ ചെയ്യാനാകാതെ ബുദ്ധിമുട്ടിയിരുന്നു.
പലപ്പോഴും തിലക് പവർഹിറ്റിങ്ങിനെയാണ് ആശ്രയിച്ചത്. എന്നാൽ സഞ്ജു ചില അപാര ഷോട്ടുകളും കളിച്ചു. രണ്ട് മത്സരത്തിൽ തുടർച്ചയായി ഡക്കായ സമ്മർദ്ധത്തിനുമിടയിലായിരുന്നു എന്നത് കൊണ്ടും സഞ്ജുവിന്റെ പ്രകടനത്തെ ഒരു പടി ഞാൻ മുന്നിൽ നിർത്തുന്നു’. ഡിവില്ലിയേഴ്സ് പറഞ്ഞു നിർത്തി.