കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു.

വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചത്.

അർജൻ്റീന ടീം ആണ് തീയതി ഔദ്യോ​ഗികമായി തീയതി പ്രഖ്യാപിക്കേണ്ടത്. കേരളത്തിൽ എവിടെയെന്ന് അവർ പരിശോധിക്കട്ടെ. 50,000 കാണികളെ ഉൾക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താൻ. രണ്ട് മത്സരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

“മത്സരവേദിയും എതിര്‍ടീമിനെയും തീരുമാനിച്ചശേഷം തീയതി പിന്നീട് അറിയിക്കും. നേരത്തേ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കാരണം ആ പദ്ധതി ഉപേക്ഷിച്ചു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നതിനാല്‍ കൊച്ചിയിലായിരിക്കും സാധ്യത.”

Leave a Reply

Your email address will not be published. Required fields are marked *