കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിപ ബാധിച്ച് അനാഥമായ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുത്തലിബിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയും നല്‍കിയില്ല. നിപ ബാധിച്ച് രണ്ട് സഹോദരങ്ങളും ഉപ്പയും നഷ്ടപ്പെട്ട മുത്തലിബിന് ഉമ്മ മാത്രമാണുള്ളത്.
അന്ന് വിദ്യാര്‍ത്ഥിയായിരുന്ന മുത്തലിബിന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല.നിപ വൈറസ് ആശങ്കയൊഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം സൂപ്പിക്കടയില്‍ നിന്നും കുറച്ചുമാറി പുതുതായി വാങ്ങിയ വീട്ടിലാണ് മറിയവും മുത്തലിബും താമസിക്കുന്നത്.
മറിയത്തിന് നാല് മക്കളായിരുന്നു. ഒരു മകന് മുഹമ്മദ് സാലി 2013 ലെ വാഹനാപകടത്തില്‍ മരിച്ചു. ആ വേദന മറക്കും മുമ്പാണ് ഭര്‍ത്താവും മറ്റു രണ്ടുമക്കളും നിപ ബാധിച്ച് മരിച്ചത്2018 ലായിരുന്നു സംഭവം നടന്നത്. അന്ന് മുത്തലിബിന് 18 വയസ്സ് പൂര്‍ത്തിയായിരുന്നില്ല.
‘മൂത്ത ജേഷ്ഠന് വിദ്യാഭ്യാസ ലോണ്‍ എടുത്തിരുന്നു. അത് എഴുതിത്തള്ളുന്നതിനൊപ്പം എനിക്കൊരു സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ചൊന്നും യാതൊരു വിവരവും ഇല്ലെ’ന്നായിരുന്നു മുത്തലിബ് പ്രതികരിച്ചത്. ‘
ലോണിന്റെ നോട്ടീസ് വന്നതോടെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ മുഖാന്തരം പണം സംഘടിപ്പിച്ചാണ് താല്‍ക്കാലിക ആശ്വാസം കണ്ടെത്തിയത്.
കഴിഞ്ഞ മാസം ലോണ്‍ അടച്ചുതീര്‍ത്തു. 14 ലക്ഷം രൂപയുടെ ബാധ്യതയാണ് തീര്‍ത്തതെന്നും’ മുത്തലീബ് കൂട്ടിച്ചേർത്തു.ടി പി രാമകൃഷ്ണന് മന്ത്രിയായിരിക്കെ തന്നെ വന്നുകണ്ടിരുന്നു.
പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. തനിക്ക് ഉമ്മയെ സംരക്ഷിക്കണം. ബാക്കിയെല്ലാവരും മരണപ്പെട്ടു. ടി പി രാമകൃഷ്ണന് മുഖാന്തരമാണ് മറ്റുനേതാക്കളെ ബന്ധപ്പെട്ടത്. ജോലിയുടെ കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും മുത്തലിബ് സർക്കാരിനോട് ആവശ്യപ്പെട്ടു.