ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംമ്ര തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച്.
ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് ബുംമ്രയുടെ അതിമനോഹരമായ പേസ് ആക്രമണമായിരുന്നു. ഇരു ഇന്നിങ്‌സിലുമായി രണ്ട് റൺസിനും താഴെയായിരുന്നു താരത്തിന്റെ എക്കോണമിയും. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച പേസർ ബുംമ്രയാണെന്ന പ്രതികരണവുമായി മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തി.
ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപിൽ ദേവുമായി പലരും ബുംമ്രയെ താരതമ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ 1983 ലോകകപ്പ് ജേതാവ് കൂടിയായ കപിലുമായി ബുംമ്രയെ താരതമ്യപ്പെടുത്താനാകില്ല എന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജെഫ് ബോയ്കോട്ട്.