യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പിന്നാക്കം പോയത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ചതും ഇറാൻ ശക്തമായി തിരിച്ചടിക്കുന്നതും സ്ഥിതിഗതികൾ വഷളാക്കുകയാണ്.
ഇറാന്റെ 70% സ്റ്റീൽ നിർമാണശേഷിയും തങ്ങൾ തകർത്തെന്നും ഇത് അവരുടെ ആയുധ നിർമാണത്തെ സാരമായി ബാധിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടു.
ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതിയും സാമ്പത്തിക അനിശ്ചിതത്വവും വർധിച്ചിരിക്കുകയാണ്.ഇറാനെതിരെ 20 മടങ്ങ് ശക്തിയോടെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, ഇപ്പോൾ ‘ട്രൂത്ത് സോഷ്യലിലൂടെ’ പ്രകോപനം വീണ്ടും കടുപ്പിച്ചിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് നിമിഷങ്ങൾക്കുള്ളിൽ തുറക്കാനും ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലാഭമുണ്ടാക്കാനും യുഎസിന് കഴിയുമെന്നും ഇത് ലോകത്തിന് ഗുണകരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രംപിന്റെ ഈ നിലപാടുകൾ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്
