ഇന്ത്യ വേദിയായ ട്വന്റി 20 ലോകകപ്പിൽ കാനഡ ടീമിനെതിരെ ഒത്തുകളി ആരോപണം ഉയരുന്നു. കനേഡിയൻ ഡോക്യുമെന്ററിയായ ‘കറപ്ഷൻ, ക്രൈം ആൻഡ് ക്രിക്കറ്റ്’ പുറത്തുവിട്ട വെളിപ്പെടുത്തലുകളെത്തുടർന്ന് ഐസിസി (ICC) അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 17-ന് ചെന്നൈയിൽ നടന്ന കാനഡ–ന്യൂസിലൻഡ് മത്സരമാണ് പ്രധാനമായും സംശയനിഴലിലുള്ളത്. ഇതേക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് വിശദമായ പരിശോധന നടത്തിവരികയാണ്.ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാനഡ 173 റൺസെടുത്തെങ്കിലും, ന്യൂസിലൻഡ് 15.1 ഓവറിൽ വിജയം കണ്ടു.
കാനഡ ടീം മികച്ച നിലയിലായിരിക്കെ, അഞ്ചാം ഓവർ എറിഞ്ഞ ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ മനഃപൂർവം റൺസ് വഴങ്ങി ഒത്തുകളിച്ചെന്നാണ് ഡോക്യുമെന്ററി ആരോപിക്കുന്നത്. ടൂർണമെന്റിന് തൊട്ടുമുമ്പ് ക്യാപ്റ്റനായ ബജ്വയുടെ ഈ ഓവർ മത്സരഗതി മാറ്റിയെന്നാണ് കണ്ടെത്തൽ.ബജ്വ എറിഞ്ഞ ആ ഓവറിൽ ഒരു നോ ബോളും വൈഡും ഉൾപ്പെടെ 15 റൺസാണ് കാനഡ വഴങ്ങിയത്. തകർച്ചയിൽ നിന്ന കിവീസ് ഈ ഓവറോടെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.
രചിൻ രവീന്ദ്ര (76), ഗ്ലെൻ ഫിലിപ്സ് (59)* എന്നിവരുടെ തകർപ്പൻ പ്രകടനം ന്യൂസിലൻഡിന് എളുപ്പത്തിൽ വിജയം സമ്മാനിക്കുകയും അവരെ സൂപ്പർ എട്ടിൽ എത്തിക്കുകയും ചെയ്തു.
