മുംബൈ ഇന്ത്യൻസിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ സ്വന്തം ബൗളിംഗ് നിരയെ വിമർശിച്ച് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. പവർപ്ലേയിൽ റബാദ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച തുടക്കം നൽകിയെങ്കിലും, മധ്യ ഓവറുകളിൽ ബൗളർമാർ വരുത്തിയ പിഴവുകളാണ് തിരിച്ചടിയായതെന്ന് ഗിൽ വ്യക്തമാക്കി.
ഇതിനുശേഷം മത്സരത്തിലേക്ക് തിരിച്ചുവരാൻ ടീമിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിലക് വർമ്മയുടെ സെഞ്ചുറി മികവിൽ ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തോൽവി. മധ്യ ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങിയതാണ് പരാജയത്തിന് കാരണമെന്നും, സ്കോർ 170-ൽ ഒതുക്കാമായിരുന്നുവെന്നും ഗിൽ പറഞ്ഞു.
മുൻ വർഷങ്ങളിൽ ചെന്നൈയോടേറ്റ തോൽവികളെ മറികടക്കുന്ന കനത്ത തിരിച്ചടിയാണ് ഇത്തവണ ഗുജറാത്തിന് നേരിടേണ്ടി വന്നത്. വരും മത്സരങ്ങളിൽ പിഴവുകൾ തിരുത്തുമെന്നും ഗിൽ വ്യക്തമാക്കി.
മുംബൈ ബൗളർമാരായ അശ്വനി കുമാർ, ബുംറ, സാന്റ്നർ എന്നിവർക്ക് മുന്നിൽ ഗുജറാത്ത് ബാറ്റിംഗ് നിര തകർന്നു. സായ് സുദർശൻ പൂജ്യത്തിന് പുറത്തായപ്പോൾ ഗിൽ, ബട്‌ലർ, ഫിലിപ്‌സ് എന്നിവർക്കും തിളങ്ങാനായില്ല. മുംബൈക്കായി തിലക് വർമ്മയുടെ സെഞ്ചുറിയും നമൻ ധീറിന്റെ പ്രകടനവും വിജയമൊരുക്കിയപ്പോൾ, 54 റൺസ് വഴങ്ങിയ ഗുജറാത്ത് ബൗളർ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം തിരിച്ചടിയായി.
