തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ ടിവികെയെ (തമിഴക വെട്രി കഴകം) സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്ന് ഗവർണറോട് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു.

ജനവിധി മാനിക്കാതെ ഗവർണർ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഇടതുകക്ഷികൾ, വിജയ്‌യെ ഉടൻ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ടിവികെയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഇരുപാർട്ടികളും ഈ നിലപാട് സ്വീകരിച്ചത്.

ടിവികെയുടെ പിന്തുണ അഭ്യർത്ഥിച്ചുള്ള കത്തിന് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാർട്ടികൾ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. പിന്തുണ നൽകുന്ന കാര്യത്തിൽ ഘടകക്ഷികൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്ന് സ്റ്റാലിൻ വ്യക്തമാക്കിയതോടെ, സിപിഐ വെള്ളിയാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കോൺഗ്രസ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ, രണ്ട് വീതം സീറ്റുകളുള്ള ഇടതുകക്ഷികളും വിസികെയും ടിവികെയെ പിന്തുണയ്ക്കാനാണ് സാധ്യത.108 എംഎൽഎമാരുള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് (118 സീറ്റ്) 10 പേരുടെ കൂടി പിന്തുണ ആവശ്യമാണ്. കോൺഗ്രസ് പിന്തുണ നൽകിയെങ്കിലും ഭൂരിപക്ഷം തികയാത്തതിനാലാണ് ഇടതുപക്ഷത്തെയും വിസികെയെയും വിജയ് സമീപിച്ചത്.

നിലവിൽ ഭൂരിപക്ഷം തെളിയിക്കാത്തതിനാൽ സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ ആവശ്യം ഗവർണർ രാജേന്ദ്ര അർലേക്കർ രണ്ടുതവണ നിരസിച്ചു. ഈ മൂന്ന് പാർട്ടികളുടെ കൂടി പിന്തുണ ലഭിച്ചാൽ വിജയ്‌ക്ക് തമിഴ്‌നാട്ടിൽ ഭരണമുറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *