മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് സോഷ്യൽ മീഡിയയിലൂടെ ഷാഫി പറമ്പിൽ എം.പി. അഭിനന്ദനം നേർന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനായി ഷാഫി ചരടുവലിച്ചെന്ന ആരോപണവുമായി അണികൾ പോസ്റ്റിന് താഴെ രംഗത്തെത്തി.
തിരഞ്ഞെടുപ്പിലെ ‘സ്റ്റാർ കാമ്പെയ്‌നർ’ ആയിരുന്നിട്ടും താരം ഗ്രൂപ്പ് രാഷ്ട്രീയത്തിന് മുൻഗണന നൽകിയെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. ഇതോടെ, അഭിനന്ദന പോസ്റ്റ് വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വേദിയായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ വളർന്നു വന്ന ഷാഫി പറമ്പിൽ എം.പിക്കെതിരെ അതേ പ്ലാറ്റ്‌ഫോമുകളിൽ അണികളുടെ കടുത്ത വിചാരണ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനായി ചരടുവലിച്ച് വി.ഡി. സതീശനെ ഷാഫി ഒറ്റുകൊടുത്തുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ആക്ഷേപം.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സതീശൻ സ്വീകരിച്ച ധീരമായ നിലപാട് മറക്കരുതെന്നും, ജനഹിതം മറന്ന് ഗ്രൂപ്പ് കളി തുടർന്നാൽ ഷാഫിയുടെ രാഷ്ട്രീയ ഭാവി അപകടത്തിലാകുമെന്നും അണികൾ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളെ പറ്റിക്കാൻ നോക്കിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടർമാർ വീട്ടിലിരുത്തുമെന്ന രൂക്ഷമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
