കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി. ഡി. സതീശനും 20 മന്ത്രിമാരും ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

പുതിയ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ് ഉൾപ്പെടെ 11 പേരും, മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി ഉൾപ്പെടെ 5 പേരും സത്യപ്രതിജ്ഞ ചെയ്യും.

ഘടകകക്ഷികളായ സി.പി. ജോൺ (സിഎംപി), ഷിബു ബേബി ജോൺ (ആർഎസ്പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), മോൻസ് ജോസഫ് (കേരള കോൺഗ്രസ്) എന്നിവരും ഇന്ന് മന്ത്രിമാരായി അധികാരമേൽക്കും.

വേദിയിൽ ഗവർണർക്കും നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാർക്കും മാത്രമായിരിക്കും പ്രവേശനം എന്ന് രാജ്ഭവൻ അറിയിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും വേദിയിൽ സീറ്റുണ്ടാകില്ല; ഇവർ വേദിയുടെ താഴെയായിരിക്കും ഇരിക്കുക.വകുപ്പുകളെല്ലാം തീരുമാനിച്ചതായും അതിന്റെ പട്ടിക ഇന്ന് സമർപ്പിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, രാജീവ് ചന്ദ്രശേഖരൻ, ബിനോയ് വിശ്വം എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വിമർശനങ്ങൾക്ക് അതീതനല്ല മുഖ്യമന്ത്രിയെന്നും, ഒരു പുതുയുഗ കേരളത്തിന് തുടക്കമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭാ രൂപീകരണത്തിൽ ഒരു കോൺഗ്രസ് നേതാവും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും വീതംവെപ്പല്ല നടന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

പുതിയ കാർ വാങ്ങില്ലെന്നാണ് പറഞ്ഞതെന്നും കറുത്ത കാർ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അകമ്പടിയായി മൂന്ന് വാഹനങ്ങളിൽകൂടുതൽ കോൺവോയിൽ വേണ്ടെന്ന് നിർദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *