അമേരിക്കയുമായുള്ള തർക്കങ്ങളിൽ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ്‌ മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ചർച്ചകൾക്കുള്ള വഴികൾ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്ന് കരുതുന്നത് വെറും മിഥ്യ മാത്രമാണെന്ന് എക്സിലൂടെ (X) മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ അവിശ്വാസ്യത കണക്കിലെടുത്ത് ഇറാൻ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ ഇബ്രാഹിം അസീസി വ്യക്തമാക്കി.

ഇറാന്റെ കരുത്ത് ലോകം കണ്ടതാണെന്നും ഇനിയും നിരവധി ‘സർപ്രൈസുകൾ’ ബാക്കിയുണ്ടെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി. യുദ്ധമുണ്ടായാൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി കാത്തിരിപ്പുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാനുമായി കൃത്യമായ കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടി പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു.

100 ശതമാനം തൃപ്തികരമായ വ്യവസ്ഥകളോടെ മാത്രമേ കരാർ ഉണ്ടാകൂ എന്നും, അതുവഴി ജീവനും ഊർജ്ജവും ലാഭിക്കാമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, ഇറാന് എണ്ണ ഉപരോധത്തിൽ ഇളവ് നൽകിയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം, കരാർ ഒപ്പുവെക്കുന്നത് വരെ യാതൊരു ഇളവും നൽകില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *