നിലനിൽക്കുന്ന വെടിനിർത്തൽ കരാറുകൾ ലംഘിച്ച് തെക്കൻ ഇറാനിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ, യുഎസിന്റെ അർധസൈനിക ഡ്രോണായ എംക്യൂ – 9 (MQ-9) വെടിവച്ചു വീഴ്ത്തിയതായി ഇറാൻ. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച യുഎസിന്റെ എഫ്-35 (F-35) യുദ്ധവിമാനത്തിന് നേരെ വെടിയുതിർത്തതായും ഇറാന്റെ അർധസൈനിക വിഭാഗമായ റെവലൂഷനറി ഗാർഡ്സ് കോർപ്സിനെ (IRGC) ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
യുഎസിന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കെതിരെ തിരിച്ചടിക്കാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകളും, യുഎസ് വിമാനങ്ങളെ ലക്ഷ്യം വെച്ച ബന്ദർ അബ്ബാസിലെ മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് തങ്ങൾ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു. യുഎസ് സൈനികരുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഈ മുൻകരുതൽ നടപടിയെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
