തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച ആദ്യ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന പ്രതിപക്ഷ ആരോപണം ഭാഗികമായി ശരിവെച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് ഇതിന് കാരണമെന്ന് സഭയെ അറിയിച്ചു.
വിപണി ഇടപെടലിൽ കഴിഞ്ഞ ഇടതു സർക്കാർ പരാജയപ്പെട്ടുവെന്നും, 3000 കോടി രൂപയുടെ കടബാധ്യത സിവിൽ സപ്ലൈസ് കോർപ്പറേഷന് വരുത്തിവെച്ചാണ് അവർ ഒഴിഞ്ഞതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മാർച്ച് 31-ന് ശേഷം പാചകവാതകം, ഇന്ധനം, അവശ്യസാധനങ്ങൾ എന്നിവയ്ക്ക് ഭീമമായ വിലവർധനവാണ് ഉണ്ടായതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷാംഗം കെ.എ.ൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. വാണിജ്യ സിലിണ്ടർ വില ഒറ്റയടിക്ക് 3133 രൂപയായി ഉയർന്നത് ഹോട്ടൽ മേഖലയെയും നിർമാണ മേഖലയെയും പ്രതിസന്ധിയിലാക്കി.
മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത വി.ഡി. സതീശൻ, ഇന്ന് മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോൾ ആ വാക്ക് പാലിക്കാൻ തയ്യാറാകണമെന്നും അധിക നികുതി ജനങ്ങൾക്ക് ഇളവായി നൽകണമെന്നും കെ.എൻ. ബാലഗോപാൽ സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ തള്ളിയതോടെ സഭ നിർത്തിവെച്ചുള്ള ചർച്ച സ്പീക്കർ നിഷേധിക്കുകയായിരുന്നു.
