മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സൂപ്പർ താരം വിരാട് കോലിയെ ഒഴിവാക്കി. പേശിവലിവിനെ തുടർന്നാണ് താരത്തിന് വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിച്ച കോലി മിന്നും ഫോമിലായിരുന്നു.
അതേസമയം, നായകൻ രോഹിത് ശർമയുടെ പങ്കാളിത്തവും സംശയത്തിലാണ്. ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (സെന്റർ ഫോർ എക്സ്‌ലൻസ്) കായികക്ഷമത തെളിയിച്ചാൽ മാത്രമേ രോഹിത് കളിക്കൂ. ജൂൺ 13-ന് ധരംശാലയിലാണ് അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനം. തുടർന്ന് ജൂൺ 17-ന് ലക്നൗവിലും ജൂൺ 20-ന് ചെന്നൈയിലും മത്സരങ്ങൾ നടക്കും. ഇതിനുശേഷം ജൂലൈയിൽ ഇന്ത്യ ഇംഗ്ലണ്ടുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും കളിക്കുന്നുണ്ട്.

