തിരുവനന്തപുരം: പരമ്പരാഗതമായ രീതികളിൽനിന്ന് മാറി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനങ്ങളിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു. തലസ്ഥാനത്തുള്ള ദിവസങ്ങളിൽ രാവിലെ 8 മണിക്ക് തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഓഫീസിലെത്തും. ഉച്ചയ്ക്ക് 1.30 വരെ ഔദ്യോഗിക ഫയലുകൾ തീർപ്പാക്കുന്നതിനായിരിക്കും മുൻഗണന. കൂടുതൽ വിശദീകരണവും ചർച്ചയും ആവശ്യമുള്ള 10-15 ശതമാനം ഫയലുകൾ മാത്രമേ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവെക്കൂ.

മുഖ്യമന്ത്രിയുടെ ഓഫീസിൽ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം ഉറപ്പാക്കുന്നതോടൊപ്പം, എല്ലാ വകുപ്പുകളിലെയും പ്രധാന പദ്ധതികളുടെ പുരോഗതി നേരിട്ട് നിരീക്ഷിക്കാൻ ഡാഷ്‌ബോർഡ് സംവിധാനവും ഒരുക്കും. വകുപ്പ് സെക്രട്ടറിമാർക്കും സ്‌പെഷ്യൽ സെക്രട്ടറിമാർക്കും മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത് ദിവസവും രാവിലെ 10 മുതൽ 11 മണി വരെ മുഖ്യമന്ത്രിയെ കാണാം.

സെക്രട്ടേറിയറ്റിലും നിയമസഭയിലും ഉണ്ടാകുന്ന അമിത തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെ സെക്രട്ടേറിയറ്റിൽ പ്രവേശനം ക്രമീകരിക്കും. ഈ സമയത്ത് പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സാധിക്കും. പുതിയ ക്രമീകരണങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്താകും അന്തിമമായി നടപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *