ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക ദൗത്യസേന ‘സിങ്കപ്പെൺ’ സജ്ജമായി. ചെന്നൈ രാജരത്നം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പുതിയ സേനയെ സംസ്ഥാനത്തിന് സമർപ്പിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സേനയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 354 കോടി രൂപ അനുവദിച്ചതായും വ്യക്തമാക്കി.
രണ്ടാംഘട്ടത്തിൽ 2500 പുതിയ തസ്തികകൾ കൂടി ഇതിനായി സൃഷ്ടിക്കും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ജോസഫ് വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നു ഈ സുരക്ഷാ പദ്ധതി.ഐജി കെ. ഭവാനീശ്വരിയുടെ നേതൃത്വത്തിലാണ് സിങ്കപ്പെൺ ദൗത്യസേന പ്രവർത്തിക്കുന്നത്.
സൈബർ ക്രൈം, സോഷ്യൽ മീഡിയ സെൽ, ഇന്റലിജൻസ്, സ്‌പെഷ്യൽ പോലീസ് ബറ്റാലിയൻ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത വനിതാ ഉദ്യോഗസ്ഥരെയാണ് ഇതിൽ വിന്യസിച്ചിരിക്കുന്നത്. നേവി ബ്ലൂ ഷർട്ടും കാക്കി പാന്റ്‌സും കറുത്ത തൊപ്പിയുമടങ്ങിയ പുതിയ യൂണിഫോമിലാണ് സേനാംഗങ്ങൾ രംഗത്തിറങ്ങുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ ഇടപെടാനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും ലക്ഷ്യമിട്ടുള്ള ദൗത്യസേനയുടെ പ്രവർത്തനം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.

