ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡോടെ അരങ്ങേറ്റത്തിനെത്തിയ കുറാസോയ്ക്ക് ആദ്യ മത്സരത്തിൽ വൻ തോൽവി. ഗ്രൂപ്പ് ഇ-യിലെ കരുത്തരായ ജർമനി ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് കരീബിയൻ രാജ്യത്തെ തകർത്തത്. കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും മുൻ ചാമ്പ്യന്മാരുടെ വലകുലുക്കി ചരിത്രത്തിലെ തങ്ങളുടെ ആദ്യ ലോകകപ്പ് ഗോൾ നേടാൻ കുറാസോയ്ക്കായി.
21-ാം മിനിറ്റിൽ 22 കാരനായ ലിവാനോ കോമനെൻസിയയാണ് കുറാസോയുടെ ചരിത്ര ഗോൾ നേടിയത്. ഒരു ഘട്ടത്തിൽ ജർമനിയെ 1-1 ന് സമനിലയിൽ തളച്ച് ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാനും ഈ കുഞ്ഞൻ രാജ്യത്തിന് കഴിഞ്ഞു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ഫെലിക്സ് മേച്ചയിലൂടെ ജർമനിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ കോമനെൻസിയയിലൂടെ കുറാസോ തിരിച്ചടിച്ചതോടെ മത്സരം ആവേശത്തിലായി. പിന്നീട് പൂർണ്ണമായി കളം നിറഞ്ഞ ജർമനിക്കായി കൈ ഹാവെർട്സ് ഇരട്ട ഗോളുകൾ നേടി.
നികോ ഷ്ലോട്ടർബെക്ക്, ജമാൽ മുസിയാല, നഥാനിയൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവരാണ് മറ്റ് സ്കോറർമാർ. വെറും 1.55 ലക്ഷം മാത്രം ജനസംഖ്യയുള്ള കുറാസോയ്ക്ക് മത്സരത്തിൽ പിടിച്ചുനിൽക്കാനായില്ലെങ്കിലും, തലയുയർത്തിത്തന്നെയാണ് അവർ കളംവിട്ടത്.

