വാഷിങ്ടൺ: ഇറാൻ-അമേരിക്ക പ്രാഥമിക സമാധാന കരാറിലെ 14 പ്രധാന ധാരണകൾ പുറത്തുവിട്ട് സൗദി മാധ്യമമായ അൽ അറേബ്യ. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം ഉടനടി സ്ഥിരമായി അവസാനിപ്പിക്കുക, പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ. ധാരണയനുസരിച്ച് 60 ദിവസത്തിനകം ഇരുരാജ്യങ്ങളും ചർച്ച നടത്തി അന്തിമ കരാറിലെത്തണം.
ഇറാന് മേലുള്ള നാവിക ഉപരോധം പിൻവലിക്കാനും 30 ദിവസത്തിനുള്ളിൽ പേർഷ്യൻ ഗൾഫ്-ഒമാൻ മേഖലയിലെ കപ്പൽ ഗതാഗതം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. അന്തിമ കരാറിന് ശേഷം യു.എസ് സൈന്യത്തെ മേഖലയിൽ നിന്ന് പിൻവലിക്കും.
ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുകൊടുക്കാനും, എണ്ണ-പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ കയറ്റുമതിക്കായി അമേരിക്കൻ ട്രഷറി വകുപ്പ് താൽക്കാലിക ഇളവുകൾ നൽകാനും ധാരണയായി. കൂടാതെ, ഇറാൻ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയും കരാറിലുണ്ട്. ചർച്ചകൾ നടക്കുന്ന 60 ദിവസത്തേക്ക് പുതിയ ഉപരോധങ്ങളോ സൈനിക വിന്യാസമോ ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പുനൽകുമ്പോൾ, തങ്ങൾ ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാനും ആവർത്തിക്കുന്നു.
മേഖലയിലെ സംഘർഷം കാരണം നിരവധി ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെട്ടതായും ആഗോള സമ്പദ്വ്യവസ്ഥയെ ഇത് സാരമായി ബാധിച്ചതായും മോദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമുദ്രപാതകളിൽ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും, തടസ്സങ്ങളില്ലാത്ത കപ്പൽ ഗതാഗതം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

