യൂക്രൈൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ റഷ്യയിൽ ചെറിയ തോതിൽ ഇന്ധനക്ഷാമം ഉണ്ടാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ തുറന്നുസമ്മതിച്ചു. രാജ്യത്തെ എണ്ണശുദ്ധീകരണ ശാലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഭ്യന്തര വിതരണത്തെ ബാധിച്ചതായും, ക്രാസ്നോദർ, യാരോസ്ലാവൽ തുടങ്ങിയ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ പ്രതിസന്ധി ഭരണകൂടത്തിന് നിയന്ത്രിക്കാനാകുമെന്നും യുക്രൈനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്നും പുതിൻ അറിയിച്ചു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, ആഭ്യന്തര വിപണിയിലെ വിതരണം ഉറപ്പാക്കാൻ ഡീസൽ കയറ്റുമതി താൽക്കാലികമായി നിരോധിക്കുന്ന കാര്യവും പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതും റഷ്യയുടെ പരിഗണനയിലുണ്ട്.

