ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും കൺമുനയിൽ യുദ്ധഭീതി പടർത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. ഒമാൻ തീരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണ ടാങ്കർ ഉൾപ്പെടെ രണ്ട് ചരക്കുകപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കപ്പലുകൾക്ക് വലിയ രീതിയിൽ നാശനഷ്ടം സംഭവിച്ചതായും എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അമേരിക്കൻ അധികൃതർ വ്യക്തമാക്കി.
കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണമാണ് ഉണ്ടായതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷനും സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ഈ നീക്കത്തിന് നേരെ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അന്തരിച്ച മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരചടങ്ങുകൾ അവസാനിക്കുന്നത് വരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച മഷ്ഹദിലാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് വിലാപയാത്രയ്ക്കായി ടെഹ്റാനിൽ ഒത്തുകൂടിയത്.
ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ നിന്ന് ആരംഭിച്ച യാത്രയിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് അണിനിരന്നത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ചടങ്ങുകളുടെ ഭാഗമായി ടെഹ്‌റാനിലെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

