ലോകകപ്പിൽ വീണ്ടുമൊരു സ്പാനിഷ് വിപ്ലവം. ആവേശം അവസാന മിനിറ്റിലേക്ക് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മുൻ ചാമ്പ്യന്മാരുടെ വിജയം. സൂപ്പർ സബ്ബായി കളത്തിലിറങ്ങി കളി തീരാൻ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ വിജയഗോൾ നേടിയ മിക്കെൽ മെറീനോയാണ് ഒരിക്കൽ കൂടി സ്പാനിഷ് പടയുടെ രക്ഷകനായത്.
സെമിയിൽ കരുത്തരായ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ.ലോസ് ആഞ്ജലിസിൽ സ്പാനിഷ് ഫുട്ബോളിന്റെ സൗന്ദര്യം മുഴുവൻ നിറഞ്ഞാടിയ മത്സരത്തിനായിരുന്നു കാണികൾ സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തി. ലമിൻ യമാലിന്റെ മനോഹരമായ വിംഗിങ് മുന്നേറ്റങ്ങളും റോഡ്രി നയിച്ച മധ്യനിരയും ബെൽജിയം പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫാബിയാൻ റൂയിസിലൂടെ സ്പെയിൻ ലീഡ് എടുത്തെങ്കിലും 41-ാം മിനിറ്റിൽ ബെൽജിയം ശക്തമായി തിരിച്ചടിച്ചു.കെവിൻ ഡിബ്രുയിനയും ട്രൊസാർഡും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ തിമോത്തി കസ്റ്റാന്യ നൽകിയ ക്രോസ്, ഒരു മികച്ച ഹെഡറിലൂടെ ഷാർല ഡി കെറ്റെലാറെ വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ടൂർണമെന്റിൽ കെറ്റെലാറെയുടെ മൂന്നാം ഗോളും.
രണ്ടാം പകുതിയിൽ ഇരുടീമുകളും മാറ്റങ്ങളോടെ കളം നിറഞ്ഞതോടെ മത്സരം കൂടുതൽ ആവേശകരമായി. യമാലിന്റെ മാരകമായ ഷോട്ടുകൾ ബെൽജിയം ഗോൾകീപ്പർ കോർട്ട്വാ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. കളി സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 86-ാം മിനിറ്റിൽ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ മിക്കെൽ മെറീനോയെ കളത്തിലിറക്കുന്നത്.
പ്രീക്വാർട്ടറിൽ പോർച്ചുഗലിന്റെ നെഞ്ചകം തകർത്ത അതേ മാജിക് മെറീനോ ലോസ് ആഞ്ജലിസിലും ആവർത്തിച്ചു. കളത്തിലിറങ്ങി കൃത്യം രണ്ടാം മിനിറ്റിൽ, അതായത് 88-ാം മിനിറ്റിൽ മെറീനോ സ്പാനിഷ് സംഘത്തിന്റെ വിജയഗോൾ വലയിലാക്കി.
ഈ തകർപ്പൻ ജയത്തോടെ സ്പെയിൻ സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനൽ ടിക്കറ്റിനായുള്ള പോരാട്ടത്തിൽ ഇനി സ്പാനിഷ് പട ഫ്രാൻസിനെ നേരിടും.

