വീസ വ്യവസ്ഥകൾ ലംഘിക്കൽ, ക്രിമിനൽ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തൽ തുടങ്ങിയ കാരണങ്ങളാൽ 1,75,000-ത്തിലധികം വിദേശ പൗരന്മാരുടെ വീസ ഡോണൾഡ് ട്രംപ് ഭരണകൂടവും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും റദ്ദാക്കി.
മദ്യപിച്ച് വാഹനമോടിക്കൽ, മോഷണം, ലൈംഗിക അതിക്രമങ്ങൾ, ലഹരിമരുന്ന് കടത്ത്, ‘ബർത്ത് ടൂറിസം’ തട്ടിപ്പുകൾ, ഭരണാധികാരികൾക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കൽ എന്നിവയിൽ ഉൾപ്പെട്ടവർക്കെതിരെയാണ് യുഎസിന്റെ ഈ കടുത്ത നീക്കം.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിദേശികളെ ഉടൻ നാടുകടത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉത്തരവിട്ടിട്ടുണ്ട്. അമേരിക്കൻ വീസ എന്നത് ഒരു വിദേശിക്കും ലഭിക്കുന്ന അവകാശമല്ലെന്നും, നൽകപ്പെടുന്ന പ്രത്യേക ആനുകൂല്യം മാത്രമാണെന്നും നിയമ ലംഘകരെ വെച്ചുപൊറുപ്പിക്കില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.

