അമേരിക്കൻ വിപണിയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ് സമീപകാലത്തെ വിസ നിയമ നിയന്ത്രണങ്ങളും യു.എസ് നയമാറ്റങ്ങളും വരുത്തിവെക്കുന്നത്. അമേരിക്കൻ തൊഴിൽ വകുപ്പ് പരിശോധനകൾ കടുപ്പിക്കുന്നതും പ്രമുഖ വിദേശ കമ്പനികളുടെ സർട്ടിഫിക്കേഷൻ നടപടികൾ മരവിപ്പിക്കുന്നതും സർവീസിങ് രംഗത്തെ പ്രതിസന്ധി ഇരട്ടിയാക്കുന്നു.
ഇതിനുപുറമേ, ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കൂട്ടിയേക്കുമെന്ന ഭീതിയും ആഗോള ക്ലയന്റുകളുടെ ടെക് മേഖലയിലെ ചെലവിടൽ ചുരുക്കാൻ ഇടയാക്കുമെന്ന ആശങ്കയും ഉള്ളതിനാൽ ഇന്ത്യൻ ഐടി കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വരുമാന വളർച്ചയിലും വരുന്ന ത്രൈമാസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

